Wednesday, September 7, 2011

തേക്കിന്‍കാട് മൈതായില്‍ റിയാസിന്റെ കണ്ണുവെട്ടിച്ച്


പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചരിത്രമുറങ്ങുന്ന തേക്കിന്‍കാട് മൈതാനിയില്‍ നടന്ന വാര്‍ത്താ ചിത്രപ്രദര്‍ശനത്തിന് നേതൃത്വം കൊടുത്ത 'മാധ്യമം' സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ പി.ബി.ബിജു ഒരുപാട് കാര്യങ്ങള്‍ക്കായി സഹായം ചോദിച്ചിരുന്നു. ഒന്നിനും സാധിക്കാത്തവിധം തിരക്കായിരുന്നു. ഒരുപക്ഷെ, ആ തിരക്കും ഒഴിഞ്ഞുമാറലും ഒരു വേദനയെ വൈകിയെത്തിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് പിന്നീട് മനസ്സിലായത്.

ഉദ്ഘാടനദിവസം(2011 ആഗസ്റ്റ്  ഏഴ്)വൈകുന്നേരം നാലോടെ തേക്കിന്‍കാട് മൈതാനിയിലെ പ്രദര്‍ശനം കാണാനിറങ്ങി. പ്രദര്‍ശനനഗരിയുടെ മുന്നിലൂടെ അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ അവിടെ എന്റെ റിയാസ്. പതിവ് പുഞ്ചിരിയോടെ എന്തോ ചോദിക്കുന്ന മട്ടില്‍. അടുത്തേക്ക് ചെന്നു. വെയിലടിച്ച് നിറവ്യത്യാസം വന്ന ആ കണ്ണടച്ചില്ലിനിടയിലൂടെ അവന്‍ കണ്ണുകള്‍ നിശ്ചലം പിടിച്ചിരുന്നു. വര്‍ഷമൊന്നായിട്ടും അന്നെപ്പോഴോ വടിച്ചുനിര്‍ത്തിയ മീശയിലെടും താടിയിലെയും കുറ്റിരോമങ്ങള്‍ വളര്‍ന്നിട്ടില്ല. വലതുഭാഗത്തുനിന്ന് ഇരുവശത്തേക്കും വകഞ്ഞുവച്ച ആ മുടിയെ വിരൂപമാക്കാനാകാതെ തേക്കിന്‍ക്കാട്ടില്‍ വീശുന്ന കാറ്റ് വഴിമാറി പോയി.
അവന്‍ ചോദിക്കുന്നതെന്തെന്ന് മനസ്സിലായില്ല. എന്റെ സ്വകാര്യ വിശേഷമാണോ? അതോ ബ്യൂറോയിലെയും ഡെസ്കിലെയും കാര്യങ്ങളാണോ? ഏതെങ്കിലും വാര്‍ത്തയെക്കുറിച്ചാണോ? അറിയില്ല, അവന് ഒരേ ഭാവം മാത്രമായിരുന്നു. എന്താണെന്ന് നീ പറയുന്നതെന്ന് അവനോട് ചോദിച്ചെന്നാണ് എന്റെ മനസ്സ് പറയുന്നത്. അവന്‍ അതിനൊന്നും മറുപടി പറയുന്നതായി തോന്നിയില്ല. ഞാന്‍ ചോദിച്ചത് അവന്‍ കേള്‍ക്കാതെ പോയിട്ടുണ്ടാവുമോ? ഇല്ല, അങ്ങനെയെങ്കില്‍ അവന്‍ എന്നോട് ഇങ്ങനെ ചിരിക്കുമായിരുന്നില്ല.

അവനെ തനിച്ചാക്കി പ്രദര്‍ശന പന്തലിലേക്ക് തനിച്ചുപോകാന്‍ എനിക്കായില്ല. വിളിച്ചിട്ടും അവന്‍ അനങ്ങുന്നുമില്ല. ഉള്ളില്‍ ഭയം കൂടി. കുലുക്കി വിളിച്ചാല്‍ കൂനല്‍ക്കുന്നവര്‍ സഹായിക്കാന്‍ വരില്ലെന്ന് തോന്നി. മാറി നിന്ന് നോക്കി. അവന്റെ കണ്ണുകള്‍ എന്നെ തന്നെ പിന്തുടര്‍ന്നു. എവിടേക്ക് മറഞ്ഞാലും അവന്റെ നോട്ടം എന്റെ കണ്ണിലേക്ക് തന്നെ. ആ നോട്ടത്തില്‍ എന്റെ നെഞ്ചിടറി. മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നതുപോലെ. എന്റെ കണ്ണുകള്‍ക്ക് ഒന്നും തടക്കാനായില്ല. കണ്ണുകള്‍ നിറഞ്ഞ് പുറത്തേക്ക് ഒഴുകി.
ഏഷ്യാനെറ്റിലെ പ്രവര്‍ത്തകര്‍ എന്നോടെന്തോ ചോദിക്കുന്നുണ്ടായിരുന്നു. എന്താണെന്ന് പോലും അറിയാനാവാതെ ഞാന്‍ അവന്റെ നോട്ടത്തിലലഞ്ഞില്ലാതാവുന്നതായി തോന്നി. ഞാന്‍ ബിജുവിനെ തിരക്കി, അവിടെ കണ്ടില്ല. ഫോണില്‍ വിളിച്ചു. അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് കോഴിക്കോട്ടേക്കുള്ള യാത്രയിലാണെന്ന ബിജുവിന്റെ മറുപടി കേട്ടതോടെ ഞാന്‍ ഒന്നു തീരുമാനിച്ചു. റിയാസിന്റെ കണ്ണുവെട്ടിച്ച് ഓഫിലേക്ക് മടങ്ങാമെന്ന്. അന്ന് പക്ഷെ, അതിനും കഴിഞ്ഞില്ല. അവന്റെ ആ ചിത്രത്തിനുമുന്നിലാണ് ഞാന്‍ എന്റെ ബൈക്ക് നിര്‍ത്തിയിരുന്നത്. ഞാന്‍ അവനെ തനിച്ചാക്കി, ഒന്നും മിണ്ടാതെ പോവുകയാണെന്ന ഭാവം അതിലുണ്ടായില്ല. വരുമ്പോള്‍ എന്നോട് പുഞ്ചിരിച്ച ആ ഭാവത്തില്‍ തന്നെ.

പിറ്റേന്ന്, ഉച്ചക്ക് ആള്‍ത്തിരക്കുള്ളപ്പോള്‍ ഞാന്‍ ആ പന്തലിന്റെ കിഴക്കേ വഴിയിലൂടെ റിയാസിനെ കാണാതെ അകത്തേക്ക് കയറി. കേരളത്തിലെ പത്രഫോട്ടോഗ്രാഫര്‍മാരുടെ വാര്‍ത്താചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. ഞാന്‍ അവന്റെ കണ്ണുവെട്ടിച്ചാണ് അതേവഴിയിലൂടെ പുറത്തിറങ്ങിപോന്നതും. എന്റെ കൈവശവും റിയാസിന്റെ ആ ചിത്രമുണ്ട്.
ഒരിക്കലും പുറത്തെടുക്കാതെ സൂക്ഷിച്ച ചിത്രം. അത്ര ജീവനുള്ള ചിത്രം. അവന്റെ ജീവന്‍ എന്റെ ആ സ്വകാര്യതയില്‍ മാത്രം നിലനില്‍ക്കട്ടെയെന്ന് ആഗ്രഹിച്ച് സൂക്ഷിക്കുന്നതാണത്. ഇങ്ങിനെ എത്രയോ സുഹൃത്തുക്കള്‍ ചിന്തിക്കുകയും അവനെ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയനും പ്രദര്‍ശനത്തിന്റെ ചുമതലയുണ്ടായ ഫോട്ടോഗ്രാഫര്‍ പി.ബി.ബിജുവും അവന്റെ ഓര്‍മ്മകള്‍ക്ക് ഒരുക്കിയ ആ കവാടം വളരെ വിശാലമാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 14നാണ് അവന്‍ തനിച്ചായത്. അല്ല, ഞങ്ങളെ തനിച്ചാക്കി അവന്‍ പോയത്. തലേന്ന് വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ എത്രയോ കാര്യങ്ങളാണ് അവന്‍ സമൂഹത്തിനെ അറിയിക്കാനൊരുക്കിയിരുന്നത്. ആ വരികളിലെ അച്ചടിമഷി ഉണങ്ങുംമുമ്പെ അവന്‍....

by.... വത്സന്‍  രാമംകുളത്ത് 

No comments:

Post a Comment