
by K.A.Yoosef
2010 സെപ്റ്റംബര്‍ 14 രാത്രിയില്‍ ഉറക്കത്തില്‍ ജീവന്‍ നിലച്ച് പോയ രണ്ട് യുവാക്കളുടെ വേര്‍പാടില്‍ ആഴ്ചകളോളം നൊമ്പരപ്പെടുന്ന കൂട്ടുകാരന്റെയും നാട്ടുകാരുടെയും ഓര്‍മക്കുറിപ്പാണിവിടെ. സെപ്റ്റംബര്‍ 16 ന് വിവാഹം ഉറപ്പിച്ച് പുതുവസ്ത്രവും വാങ്ങി കല്യാണത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ പല്ലാരിമംഗലം കല്യാംപുറത്ത് അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ ജുബൈര്‍ ഷാ എന്ന 28 കാരന്‍, മറ്റേത് എടത്തല നാലാംമൈലില്‍ നീരിയേലി വീട്ടില്‍ പരേതനായ ഖാലിദിന്റെ മകനും 'മാധ്യമം' തൃശൂര്‍ യൂനിറ്റ് സബ് എഡിറ്ററുമായ എന്‍.കെ. റിയാസ് എന്ന 26 കാരന്‍.
റിയാസ്
..............................
കൊച്ചിയിലും തൃശൂറും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. റിയാസുമായി കൃത്യം 363 ദിവസത്തെ പരിചയം മാത്രമേ എനിക്കുള്ളൂ. (ഒരു വര്‍ഷത്തിന് രണ്ടുദിവസം ബാക്കി). പക്ഷേ, ഒരുപാട് നാളത്തെ സൗഹൃദം എനിക്ക് സമ്മാനിച്ചിരുന്നു. തൃശൂര്‍ വെച്ചാണ് ഞങ്ങള്‍ ശരിക്കും അടുക്കുന്നത്. അവിടത്തെ ജോലി പ്രശ്‌നങ്ങളില്‍ സദാ വ്യാകുലനായിരുന്നു റിയാസ്. പുതിയ യൂനിറ്റ് തുടങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു അത്.
ഞാന്‍ ഡി.ടി.പി ഓപ്പറേറ്ററായി പണി പ~ിച്ച് വരുന്നതേയുള്ളൂ. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും അമിത ഉപയോഗം ശ്രദ്ധയില്‍ പെട്ട റിയാസ് എന്നോട് ചോദിച്ചു. 'തൃശൂര്‍ വന്നാല്‍ പോലും നിനക്ക് ചാറ്റ് ചെയ്യാന്‍ സമയമുണ്ടോ' ?. പെട്ടെന്ന് മെയില്‍ സൈന്‍ ഔട്ട് ചെയ്ത് മോണിറ്ററിലേക്ക് നോക്കി വിഷമിച്ചിരിക്കുന്ന എന്റെ അടുക്കല്‍ റിയാസ് വന്ന് പറഞ്ഞു. 'നിനക്ക് വിഷമം ഉണ്ടാകാന്‍ പറഞ്ഞതല്ല, ജോലി സമയങ്ങളില്‍ കൃത്യത പാലിക്കണം, ചെയ്യുന്ന വര്‍ക്കില്‍ മാത്രം ശ്രദ്ധിക്കണം, വര്‍ക്ക് ചെയ്യുമ്പോള്‍ മറ്റൊരു പണിയിലേക്കും ശ്രദ്ധ തിരിഞ്ഞ് പോകാന്‍ പാടില്ല, തെറ്റ് വന്നിട്ട് പറഞ്ഞിട്ട് കാര്യമില്ലല്ലോ'?.
റിയാസിന്റെ വാക്കുകള്‍ ഒന്ന് രണ്ട് ആഴ്ചയോളം എന്റെ മനസില്‍ തന്നെ ഉണ്ടായിരുന്നു. എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഇങ്ങനെ പറഞ്ഞത്. പിന്നെ ഞാന്‍ മനസിലാക്കി. അത് എന്റെ തെറ്റാണ്്. ആ തെറ്റ് ഞാന്‍ തിരുത്തിയപ്പോള്‍ എനിക്ക് കൂടുതല്‍ നന്നായി ജോലിയില്‍ ശ്രദ്ധിക്കാനും പറ്റി. ഒരു ജ്യേഷ്~ന്റെ ഉപദേശം പോലെ ഇപ്പോഴുമത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ ജീവിതത്തില്‍ ഉപകാരപ്പെട്ട ഒരുപദേശമായിരുന്നു അത്.
ജോലിയില്‍ വളരെ കൃത്യത പാലിച്ചിരുന്ന റിയാസ് ഞങ്ങള്‍ക്കെല്ലാം മാതൃകയാക്കാന്‍ പറ്റുന്ന ഒരു കൂട്ടുകാരനായിരുന്നു. റിയാസ്- ഇഖ്ബാല്‍ കൂട്ടുകെട്ട് ഇവിടെ പാട്ടായിരുന്നു. എനിക്ക് കൊച്ചിയില്‍ നിന്ന് തൃശൂര്‍ക്ക് പോകുമ്പോള്‍ ഇവരെ തിരിച്ചറിയില്ലായിരുന്നു. ഒരിക്കല്‍ ഇഖ്ബാലിന്റെ പ്രണയകഥ പറഞ്ഞ് ഞാന്‍ റിയാസിനെ കളിയാക്കിയിരുന്നു. അന്ന് നന്നായി അഭിനയിച്ചു റിസ്. ഞാന്‍ ഇഖ്ബാലാണെന്നും ആരാണ് ആ പ്രണയ കഥ പറഞ്ഞതെന്നും വളരെ വിഷമത്തോടെ എന്നോട് ചോദിച്ചു. പിന്നീടാണ് ഞാന്‍ അറിഞ്ഞത് അത് ഇഖ്ബാലിന്റെ പ്രിയ സുഹൃത്ത് റിസ് ആയിരുന്നെന്ന്. അത് പറഞ്ഞ് റിയാസ് ഒരുപാട് ചിരിക്കാറുണ്ടായിരുന്നു.
ജോലിക്കെല്ലാം ശേഷം ഞങ്ങള്‍ ഒരുമിച്ച് ചായ കുടിക്കാന്‍ പോകുമായിരുന്നു. എന്തൊരു സ്‌നേഹമുള്ള പെരുമാറ്റമായിരുന്നു. ഒരു ജ്യേഷ്~നെ പോലെ. അവസാനമായി ഞങ്ങള്‍ തൃശൂര്‍ ഡെസ്‌കില്‍ ജോലിക്ക് ശേഷം കിടന്നുറങ്ങിയിട്ട് രാവിലെ 7.20 നുള്ള തൃശൂര്‍- എറണാകുളം പാസഞ്ചറിന് പോകാന്‍ ഒരുമിച്ച് യാത്രയായി. ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ 'നീ എടുത്താല്‍ മതി, ഞാന്‍ ട്രെയിന്‍ വരുന്നോ എന്ന് നോക്കട്ടെ, എനിക്ക് സീസണ്‍ ടിക്കറ്റ് ഉണ്ട്' എന്ന് പറഞ്ഞു. ടിക്കറ്റ് കൗണ്ടറിന്റെ അടുത്തും പ്ലാറ്റ് ഫോമിലും രണ്ട് മൂന്നുവട്ടം മാറിമാറി പോയി നോക്കികൊണ്ടിരുന്നു. എനിക്ക് ഇരിക്കാന്‍ സീറ്റ് തന്നിട്ട് റിയാസ് എവിടെയോ പോയി ഇരുന്നു. പിന്നെ ആലുവയില്‍ ഒരുമിച്ച് ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് കാണുന്നത്. റിസ് അവന്റെ വീട്ടിലേക്കും ഞാന്‍ കളമശേരിയിലേക്കും രണ്ട് ബസ് കയറി പിരിഞ്ഞു. പിന്നെ റിസ്സിനെ കുറിച്ച് കേള്‍ക്കുന്നത് സെപ്റ്റംബര്‍ 14 രാത്രിയിലത്തെ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെക്കുറിച്ചാണ്.
ജുബൈര്‍ ഷാ
..............................
വിശ്വസിക്കാന്‍ കഴിയുന്നില്ല ; ഇനിയും നാട്ടില്‍ ചെല്ലുമ്പോള്‍ നീ ഇല്ലാതിരിക്കുന്ന ഒരു കവലയെക്കുറിച്ച്, നീ സ്ഥിരമായി നമസ്‌കാരത്തിന് ശേഷം കുശലം പറയാന്‍ കിടക്കുന്ന മടിയൂര്‍ മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദിലെ വരാന്തയെ കുറിച്ച്, നീ മണവാട്ടിയോടൊരുമിച്ച് യാത്രചെയ്യാന്‍ വാങ്ങിയ കാറില്‍ നീ ഇല്ലാതിരിക്കുന്നതിനെക്കുറിച്ച്
എല്ലാ മരണവും ഒരു വേദനയാണ്. പക്ഷേ, നിന്റെ മരണം ഓര്‍ത്താലും ഓര്‍ത്താലും തീരാത്ത സ്വപ്‌നങ്ങള്‍ മാത്രം ബാക്കിവെച്ച്... നിറയെ പച്ച പ്രതീക്ഷകളുമായി നീ റിയാദില്‍ നിന്ന് വന്ന്, നാട്ടില്‍ നിന്ന് വിവാഹം കഴിച്ച്, പോകുമ്പോള്‍ ഭാര്യയെയും റിയാദിലേക്ക് കൊണ്ടുപോകാനുള്ള വിസയുമായിട്ടായിരുന്നു നീ വന്നത്. ഈ നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയിട്ട് നീ പോയി. ആരോടും ഒന്നും പറയാതെ, എല്ലാവര്‍ക്കും പ്രതീക്ഷകളും സ്വപ്‌നങ്ങളും നീ കൊടുത്തു. ആവശ്യത്തിലേറെ സ്‌നേഹം നിന്റെ പെങ്ങള്‍മാര്‍ക്ക് കൊടുത്തു.
അവസാനമായി നീ റിയാദില്‍ നിന്ന് വന്നത് പറയാം. വിവാഹം കഴിച്ച് ഭാര്യക്കും നിനക്കും തിരികെ പോകാനുള്ള വിസയും കൂടാതെ, ഒരു ഹൗസ് ഡ്രൈവര്‍ വിസയും നീ ജോലി ചെയ്യുന്നിടത്ത് നീ പുതുതായി തുടങ്ങാന്‍ പോകുന്ന ഷോപ്പിലേക്കുള്ള ഒരു എ.സി മെക്കാനിക്കിന്റെ വിസയും നിന്റെ കയ്യിലുണ്ടായിരുന്നു. ഒരു രാത്രി നീ വിളിച്ചിട്ട് പറഞ്ഞു. യൂസുഫേ, രണ്ട് വിസയുണ്ട്, മാധ്യമത്തില്‍ പരസ്യം കൊടുക്കാന്‍ പറ്റുമോ ?. അന്വേഷിച്ച് പറയാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. പരസ്യ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ 'അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള വിസ പരസ്യങ്ങള്‍ മാത്രമെ കൊടുക്കൂ' എന്നാണ് പറഞ്ഞത്. മാധ്യമം കൊച്ചി ബ്യൂറോയില്‍ അന്വേഷിച്ചപ്പോള്‍ 'വിസ പരസ്യം' കൊടുത്ത് തട്ടിപ്പ് നടത്തിയ ഒരു എസ്.ഐയുടെ കഥ പറഞ്ഞ് തന്നു. രണ്ടാമത് നിനക്ക് വേണ്ടി പത്രത്തിലേക്ക് ഞാന്‍ അന്വേഷിക്കുന്നത് നിന്റെ മയ്യിത്ത് നമസ്‌കാരാഭ്യര്‍ഥന കൊടുക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടിയാണ്. രണ്ടും നടന്നില്ലല്ലോ ജുബൈറേ.
പ്രിയപ്പെട്ട ജുബൈറേ, മറക്കാന്‍ കഴിയാത്ത കുറെ അനുഭവങ്ങള്‍ എനിക്കും, നിന്റെ കുടുംബത്തിനും നാട്ടുകാര്‍ക്കും സമ്മാനിച്ച് വളരെ പെട്ടെന്ന് നീ ഞങ്ങളെയെല്ലാം വിട്ട് പോയി. 'നിനക്ക് വേണ്ടി നീ ജിവിച്ചില്ല' എന്ന് ഞങ്ങള്‍ പറയും. എല്ലാം നിന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു. എത്ര ത്യാഗങ്ങള്‍ നീ ചെയ്തു. അവസാനം നിനക്കായ് നീ ഒരു ജീവിതം സ്വപ്‌നം കണ്ടപ്പോഴേക്കും വിധി നിന്നെയും കൊണ്ട് പറന്നു.
ഓര്‍ക്കുകയാണ് ജുബൈറേ, ഒരിക്കല്‍ ഞാന്‍ മടിയൂര്‍ ദര്‍സില്‍ പ~ിക്കുമ്പോള്‍, രാത്രി വളരെ വൈകി മൂത്രപ്പുരയിലേക്ക് വന്നപ്പോള്‍ നീയും നിന്റെ കൂട്ടുകാരന്‍ ഫൈസലും പള്ളിയുടെ സന്‍തൂഖ് ഇരിക്കുന്ന സ്ഥലത്തിരുന്ന് പോസ്റ്റര്‍ എഴുതുകയാണ്. അമേരിക്കന്‍- ഇസ്രയേല്‍ വിരുദ്ധ പോസ്റ്ററുകള്‍. ആ സമയത്ത് അവിടെയിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചത് നിന്റെ മതത്തോടും മര്‍ദിതരോടുമുള്ള ഒരു ചെറുപ്പക്കാരന്റെ ആവേശമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഡിസംബര്‍ ആറുകളില്‍ പി.ഡി.പി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താലില്‍ നീയും പങ്കാളിയായിരുന്നു. ഞങ്ങളെയെല്ലാം വിളിച്ച് വഴി ബ്ലോക്ക് ചെയ്യിക്കാന്‍ നീ ആവേശത്തോടെ പോകുമായിരുന്നു.
അതെല്ലാം ഉപേക്ഷിപ്പിച്ച് നിന്നെ ദര്‍സില്‍ ചേര്‍ത്തു. അപ്പോള്‍, അവിടെ നീ കാട്ടികൂട്ടിയ തമാശകളും കുസൃതികളും, എല്ലാം വളരെ വലുതായിരിക്കുന്നു. പിന്നെ നീ പ്രവാസ ജീവിതത്തിലേക്ക്. ഒരു കുടുംബത്തിന്റെ മൂത്ത മകന്‍ എന്ന നിലയില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത്, നാട്ടിലെ മുഴുവന്‍ കൂട്ടുകാരെയും വിട്ട് മരുഭൂമിയിലേക്ക് നീ വിമാനം കയറി. നീ പണം സമ്പാദിച്ചു. നിന്റെ മൂന്നുപെങ്ങള്‍മാരെയും നീ വിവാഹം കഴിപ്പിച്ചയച്ചു.
നോമ്പ് 27 ാം രാവില്‍ അസര്‍ നമസ്‌കാരത്തിന് ശേഷം നീ കിടക്കാറുള്ള മടിയൂര്‍ പള്ളിയുടെ വരാന്തയില്‍ നിന്റെ കാലില്‍ തല വെച്ച് ഞാന്‍ കിടന്നപ്പോള്‍ എന്റെ തലയില്‍ തലോടി നീ പറഞ്ഞു. യൂസുഫേ, ഇളയപെങ്ങള്‍ക്ക് പറ്റിയ ചെക്കന്‍ വല്ലതും ഉണ്ടെങ്കില്‍ പറയണം, എന്റെ കല്യാണം കഴിഞ്ഞാല്‍ ഉടന്‍ നടത്തണം. ഞാന്‍ പറഞ്ഞു. അന്വേഷിച്ചിട്ട് പറയാം. അവിടെത്തന്നെവെച്ച് നീ പറഞ്ഞു. ഒരു കൊല്ലനെ (വീടുപണിക്കാരന്‍) കിട്ടുമോ? ചെറിയ ചെറിയ പണികള്‍ വീട്ടില്‍ പൂര്‍ത്തിയാക്കാനുണ്ട്. കല്യാണം അടുത്ത് വരികയല്ലേ ?. ഞാന്‍ 'മണി' എന്നു വിളിക്കുന്ന ഒരു കൊല്ലനെ കുറിച്ച് നിനക്ക് പറഞ്ഞ് തന്നു. നീ അന്വേഷിക്കാം എന്ന് പറഞ്ഞു. ആ മഴയുള്ള അസ്വര്‍ നമസ്‌കാരത്തിന് ശേഷം നീ വീട്ടിലേക്ക് പോയത് ഞാന്‍ വാങ്ങിത്തന്ന അഷ്‌കറിന്റെ കുട ചൂടിയാണ്. പെട്ടെന്ന് വീട്ടില്‍ ചെന്ന് കുടുംബത്തോടൊപ്പം ഇരിക്കാനുള്ള നിന്റെ മനസ്. ഞങ്ങള്‍ക്കാര്‍ക്കുമില്ലാത്ത ഒരു വലിയ മനസാണ് നിന്റെ.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മരണം എന്ന വാര്‍ത്ത ഒരു വലിയ സംഭവമായി എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, മനസിനെ അടിമുടി ഇളക്കി മറിച്ച ഒരു മരണ വാര്‍ത്തയായിരുന്നു നിന്റെ. കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രയോ കൂട്ടുകാര്‍ അപകടങ്ങളില്‍ പോലും മരിച്ചിരിക്കുന്നു. പക്ഷേ, നിശബ്ദമായ ഉറക്കത്തില്‍ നീ മരണത്തിലേക്ക് പോയപ്പോള്‍, എങ്ങനെയാണ് ഞങ്ങള്‍ക്കിത് സഹിക്കാന്‍ കഴിയുക. ഒരു മരണത്തിനും നാട്ടുകാരും വീട്ടുകാരും യുവാക്കളും കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്ര ഭീതിയോടെ മരണത്തെക്കുറിച്ച് പറയുന്നതും ഞാന്‍ കേട്ടിട്ടില്ല.
നാട്ടിലെ കൂട്ടുകാര്‍ക്കിടയില്‍ എന്നും നീയൊരു വേദനയുള്ള ഓര്‍മയായിരിക്കും. നിന്റെ കുസൃതികളും തമാശകളും അധ്വാനവും ആത്മാര്‍ഥതയും എല്ലാം ഒരു ഓര്‍മയായിരിക്കും. നിന്റെ പറമ്പില്‍ കൃഷിപണിയും റമ്പറിന് വളം ഇടാനും (നാട്ടിലെ ചെറുപ്പക്കാരെല്ലാം കവലയിലിരുന്ന് കുശലം പറയുമ്പോള്‍) നീ കാണിച്ചിരുന്ന 'മിടുക്ക്' നിനക്ക് 'മാപ്പിളക്കുട്ടന്‍' എന്ന ഓമനപ്പേര്‍ സമ്മാനിച്ചിരുന്നുവല്ലോ ?. വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ സാധാരണ വിളിക്കാറുള്ള പേരാണ് മാപ്പിളക്കുട്ടന്‍.
നോമ്പ് 27 ന്റെ രാത്രിയില്‍ പള്ളിയില്‍ ഭജനമിരിക്കാന്‍ വന്ന നമ്മള്‍ കോട്ടപ്പറമ്പേല്‍ മമ്മു ഇക്ക ബാത്ത് റൂമില്‍ നിന്ന് വീണതറിഞ്ഞ് നമ്മള്‍ രണ്ടുപേരും ആ ഇടവഴികളിലൂടെ വെളിച്ചമില്ലാതെ ഓടി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ നമ്മള്‍ അവിടെ നിന്നിരുന്നു. അപരന് ആപത്ത് ഉണ്ടാകുമ്പോള്‍ ഓടിയടുക്കുന്ന നിനക്ക് ഒരാപത്ത് വന്നപ്പോള്‍ ഞങ്ങളൊന്നും നിന്റെ അടുക്കല്‍ ഇല്ലാതെപോയല്ലോ. അതേ ദിവസം നിന്നെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒരുപാട് തമാശകള്‍ പറഞ്ഞ 'പ്രവാസി' കൂട്ടുകാരോട് ഒന്നും എതിര്‍ത്ത് പറയാതെ 'നിശബ്ദത' പാലിച്ച നീ... പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി സ്ഥിരമായി നമ്മള്‍ നാട്ടുവര്‍ത്തമാനം പറയുന്ന പോസ്റ്റിന്റെ താഴെ ഞങ്ങളെല്ലാവരും നിക്കുമ്പോഴും നീ പള്ളിയില്‍ നിന്നിറങ്ങി 'നിശബ്ദമായി' വീട്ടിലേക്ക് പോയി. ആളുകള്‍ പരസ്പരം ചോദിച്ചിരുന്നു. ജുബൈറിനെന്ത് പറ്റിയെന്ന്. ചിലര്‍ അന്നേരം വിളിച്ച് പറഞ്ഞു. 'ജുബൈറേ- ഇനി നിന്റെ കല്യാണം ആരും മുടക്കില്ല' എന്ന്, പുഞ്ചിരിയോടെ നീ അവിടെ നിന്നും വിടവാങ്ങി.
നോമ്പില്‍ നാലുവട്ടം ഖുര്‍ആന്‍ മുഴുവന്‍ ഓതിയ നീ നിശബ്ദമായി മരണത്തിലേക്ക് തയാറെടുക്കുകയായിരുന്നുന്നെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. മാധ്യമത്തില്‍ നിന്ന് ഞാന്‍ മടിയൂര്‍ വന്നിട്ട് ആദ്യമായി നിന്നെ കാണുന്നത് അസറിന് ശേഷം നീ പുറത്തിരിക്കുന്നതാണ്. 'ബുള്‍ഹാന്‍' വെച്ച നിന്റെ താടിയില്‍ പിടിച്ച് ഞാന്‍ ചോദിച്ചു. എന്താണ് ജുബൈറേ, ഇത് ബോറല്ലേ, ഇത് കളയരുതോ?. പിറ്റേന്ന് നിന്നെ കണ്ടപ്പോള്‍ അത് നീ വടിച്ച് മാറ്റിയിരുന്നു. ഞാന്‍ ചോദിച്ചു. എന്തിനാണ് ജുബൈറേ അത് കളഞ്ഞത്?. ജുബൈര്‍ പറഞ്ഞു. 'നീ പറഞ്ഞില്ലേ, അതു കൊണ്ടാണ് ഞാന്‍ കളഞ്ഞത്'
നീ കല്യാണം വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം നീ പിറകില്‍ വന്ന് ഞോണ്ടി വിളിച്ചു. നമ്മള്‍ രണ്ടുപേരും പുറത്ത് ആ വരാന്തയില്‍ പോയി നിന്നു. നീ കുറെ സംസാരിച്ചു. ഞാന്‍ കല്യാണത്തിന്റെ എല്ലാ വിശേഷങ്ങളും ചോദിച്ചു. നീ ശനിയാഴ്ച പരിപാടി ഒന്നും വെക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്, ഒന്നും വേണ്ട, നമുക്ക് ഒരു ദിവസത്തെ പരിപാടി മതി. എന്നാലും കുറച്ചുപേര്‍ക്കുള്ള ഭക്ഷണം ശനിയാഴ്ച കരുതണം എന്നാണ്. ഞായറാഴ്ച വേറെ കല്യാണമുള്ളവര്‍ ശനിയാഴ്ച വരും എന്ന് പറഞ്ഞു. നമ്മള്‍ അന്നും സ്‌നേഹത്തോടെ പിരിഞ്ഞു. പ്രതീക്ഷയോടെയും.
നിന്റെ ഖബറടക്കത്തിന് ശേഷം രണ്ട് പ്രാവശ്യം വീണ്ടും ഞാന്‍ കരഞ്ഞ് പോയി. ഖബറടക്കം കഴിഞ്ഞ് ഓര്‍മയില്‍ നിന്ന് സ്വയം മാറ്റാന്‍ ശ്രമിച്ച്‌കൊണ്ടിരിക്കുമ്പോള്‍, എന്റെ തറവാട്ടില്‍ വന്ന് വിഷമത്തോടെയിരിക്കുമ്പോള്‍ എന്റെ കയ്യില്‍ ഒരു പേപ്പര്‍ കിട്ടി. വെറുതെയെടുത്ത് നോക്കിയപ്പോള്‍ ക്രീം കളറില്‍ പ്രിന്റ് ചെയ്ത ഒരു കല്യാണകുറി. അതിലെ പേരും നിക്കാഹിന്റെ സമയവും ഞാന്‍ വായിച്ചു. 'നിക്കാഹ് 26.09.2010, ജുബൈര്‍ ഷാ' ..... സത്യത്തില്‍ ഞാന്‍ വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി.
രണ്ടാമത് എറണാകുളത്തിന് പോകാന്‍ കോതമംഗലം സ്റ്റാന്‍ഡില്‍ വന്ന് നിക്കുമ്പോള്‍ വെറുതെ കണേ്ണാടിച്ചപ്പോള്‍ ഒരു പരസ്യം കണ്ടു. 'സൗദിയിലേക്ക് വിസ വില്‍പനക്ക്, എ.സി മെക്കാനിക്കിനെയും ഹൗസ് ഡ്രൈവറെയും ആവശ്യമുണ്ട്,. എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ താഴേക്ക് നോക്കി. അതില്‍ ഒരു ലാന്‍ഡ് ഫോണ്‍ നമ്പര്‍ കണ്ടു. 2563839. ഞെട്ടിത്തകര്‍ന്നുപോയി. അത് നിന്റെ വീട്ടിലെ നമ്പറായിരുന്നു.
ഒരേ ഒരു പ്രാര്‍ഥനയേ ഉള്ളൂ. വിധി ഇത്രക്ക് ക്രൂരത കാട്ടുന്ന നാളുകളില്‍..എല്ലാം ക്ഷമിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കെല്ലാം തരേണമേ.
ആളെ നേരിട്ട് അറിയില്ലെങ്കില്‍ കൂടി,,, വായിച്ച് അറിയാതെ കണ്ണുനിറഞ്ഞുപോയി.
ReplyDelete