Thursday, September 16, 2010

ചങ്ങാതി - വത്സന്‍ രാമംകുളത്ത്

 ചങ്ങാതി വത്സന്‍ രാമംകുളത്ത്  അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തത്  ഇവിടെ കോപ്പി ചെയ്യുന്നു
 
അനിവാര്യമാകേണ്ട സാന്നിധ്യം...
മരിച്ച ഒരാളുടെ സാന്നിധ്യം ആവശ്യപ്പെടുന്നെങ്കില്‍ അതാണ് പ്രധാനം...സി.ആര്‍.നീലകണ്ഠന്റെ പ്രസംഗം ഉള്‍ക്കൊള്ളുന്ന സോളിഡാരിറ്റി പരിപാടിയുടെ വാര്‍ത്ത എഡിറ്റ് ചെയ്ത് റിയാസ് പറഞ്ഞു.
'ശരത്ചന്ദ്രന്‍ മനുഷ്യജീവിതത്തിന്റെ രാഷ്ട്രീയം ജീവനിലേറ്റുവാങ്ങിയ വ്യക്തി-സി.ആര്‍.നീലകണ്ഠന്‍' എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ നല്‍കിയിരുന്ന തലവാചകം. അത് മാറ്റുകയാണെന്ന് എന്നെ വിളിച്ച് റിയാസ് പറയുമ്പോള്‍ മറിച്ചൊന്നും തോന്നിയിരുന്നില്ല. റിയാസ് അങ്ങിനെയായിരുന്നു. വാര്‍ത്തകളുടെ തുടക്കവും ഒടുക്കവും മിനിക്കി വായനക്കാരനെ ആകര്‍ഷിക്കുംവിധമാക്കുന്നതില്‍ മറ്റു എഡിറ്റര്‍മാരെ പോലെയല്ല. അരികിലുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെകൂടി അഭിപ്രായം തേടും.
പക്ഷെ, ഷീബയുടെ റിപ്പോര്‍ട്ടിന്റെ തലവാചകം തിരുത്താന്‍ എന്നോട് അഭിപ്രായം ചോദിച്ചു. റിയാസിന്റെ അഭിപ്രായം കൊള്ളാമെന്ന് ഞാന്‍ പറഞ്ഞു. വാര്‍ത്തക്കിടയില്‍ നിന്ന് 'മണ്ണിനും വായുവിനും വെള്ളത്തിനും വേണ്ടിയുള്ള നിലക്കാത്ത ജനകീയപ്രതിരോധങ്ങള്‍ ശരത്ചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നെന്ന' സി.ആര്‍.നീലകണ്ഠന്റെ പ്രസ്താവം കോപ്പി ചെയ്തു. അതിനെ മുറിച്ച് 'ജനകീയ പ്രതിരോധങ്ങള്‍ ശരതചന്ദ്രന്റെ സാന്നിധ്യം അനിവാര്യമാക്കുന്നു' എന്നാക്കി.
എന്തോ, പിറ്റേന്ന് വാര്‍ത്തയുടെ തലവാചകം 'ശരത്ചന്ദ്രന്‍ മനുഷ്യരാഷ്ട്രീയം ജീവനിലേറ്റുവാങ്ങി -സി.ആര്‍.നീലകണ്ഠന്‍' എന്നാണ് കണ്ടത്. മാറ്റം വരുത്തിയത് റിയാസ് തന്നെയാണോ എന്നത് അറിയാന്‍ ഇനിയെനിക്കാവില്ല. എന്നാല്‍, റിയാസിന്റെ സാന്നിധ്യം എന്നും അനിവാര്യമാണെന്ന് ഡസ്കില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തിന് ശേഷം തോന്നി.
അനുസ്മരണ യോഗത്തില്‍ പ്രശാന്തിന്റെ വാക്കുകള്‍ ആരൊക്കെയോ റിയാസിനോട് അനീതി കാട്ടിയെന്ന് തോന്നും വിധമായിരുന്നു. രണ്ടുവരി മാത്രമെ പ്രശാന്ത് സംസാരിച്ചുള്ളൂ. അതിങ്ങനെയായിരുന്നു. 'മുസ്തഫ പറഞ്ഞതുപോലെ റിയാസിനോട് നീതി കാട്ടണമെങ്കില്‍ അവിടെ(ഗഫൂര്‍ക്കയുടെ മേശപ്പുറത്തേക്ക് വിരല്‍ചൂണ്ടി) ഇരിക്കുന്ന ആ തടിച്ച പുസ്തകം വായിച്ചാല്‍ മതി'.
റിയാസ് ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഡസ്കിലെ 'പണി' തീര്‍ത്ത് പുറത്തിറങ്ങാന്‍ കൊതിച്ചയാളായിരുന്നില്ല. പത്രത്തിന്റെ വൃത്തിക്കും വെടിപ്പിനും ഡസ്കിലെ എഡിറ്റിങും ലേ-ഔട്ടും മാത്രം പോര. ബ്യൂറോയും പരസ്യവിഭാഗവും വിതരണ വിഭാഗവുമെല്ലാം അഴഞ്ഞ രീതി ഉപേക്ഷിക്കണമെന്ന് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ വിഭാഗങ്ങളുടെ ചുമതലക്കാരോട് അങ്ങേയറ്റം ആദരവോടെയും സ്നേഹത്തോടെയുമുള്ള നിര്‍ദേശമാണ് ഇക്കാര്യത്തില്‍ റിയാസ് നടത്തിയിരുന്നത്. ഒരു പക്ഷെ, സ്വന്തം പണി എത്രത്തോളം കുറക്കാമെന്ന് ചിന്തിക്കുന്ന സബ് എഡിറ്റര്‍മാര്‍ മറ്റുള്ളവരുടെ പോരായ്മകളെ ആയുധമാക്കുമ്പോള്‍ റിയാസ് അവയെ തിരുത്താന്‍ സമയം കണ്ടെത്തി. അദ്ദേഹത്തോട് ഒഫീസിലെ മുതിര്‍ന്നവര്‍ക്കുപോലും ബഹുമാനം ഉണ്ടായിരുന്നതിന് കാരണമതായിരുന്നു. ഇവിടെയാണ് റിയാസിന്റെ അനിവാര്യത.
എന്തെങ്കിലും 'സര്‍ക്കസ്' കാട്ടി ബൈ ലൈന്‍ സ്റ്റോറികള്‍ നിരത്തുന്ന സബ് എഡിറ്റര്‍മാര്‍ക്കും റിയാസ് മാതൃകയാണ്. റിയാസ് അവസാനമെഴുതിയ ജൂലൈ 9ലെ 'ജയിക്കാനുറച്ചെത്തിയ സ്പെയിന്‍' എന്ന ലേഖനം അതിനുദാഹരണമാണ്. മുന്‍ ഇന്ത്യന്‍താരം ജോപോള്‍ അഞ്ചേരിയുമായി നടത്തിയ അഭിമുഖത്തിന് സ്വന്തം പേര് നല്‍കാനുള്ള സ്വാതന്ത്രം ഒരു സബ് എഡിറ്റര്‍ എന്ന നിലയ്ക്ക് റിയാസിനുണ്ടായിരുന്നു.
'പോള്‍ എന്ന നീരാളി സ്പെയിന്‍ തോല്‍ക്കുമെന്ന് പ്രവചിച്ചാലും ജര്‍മമി ജയിക്കുമായിരുന്നില്ല. സ്പെയിനിന്റെ കൂട്ടമായ ആക്രമണത്തിനുമുന്നില്‍ ആരും തോല്‍ക്കുമായിരുന്നു'- എന്നതില്‍ കളിയെ മുഴുവന്‍ വായിച്ചെടുക്കാം. റിയാസ് റിപ്പോര്‍ട്ട് ചെയ്ത 2008ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഞാനും മുഴുവന്‍ ദിവസമുണ്ടായി. അന്നൊന്നും പരിചയപ്പെടാന്‍ കഴിയാതിരുന്നത് ഒരുപക്ഷെ എന്റെ നിര്‍ഭാഗ്യമോ ഭാഗ്യമോ ആയിരിക്കാം. ഒരു വര്‍ഷത്തെ പരിചയം കൊണ്ടുതന്നെ ആവോളം സ്നേഹം തന്ന ഒരു അനുജന്‍. എന്റേതടക്കം സഹജീവികളുടെ ദുഃഖങ്ങളെ അറിയാനും അവയുടെ ആഴം കുറക്കാനും റിയാസ് കാണിച്ചിരുന്ന താല്പര്യം. പത്രപ്രവര്‍ത്തക മനുസുകള്‍ക്കിടയില്‍ അപൂര്‍വ്വം.

No comments:

Post a Comment